ശകുനി

ദുര്യോധനന്റെ അമ്മാവനായിരുന്നു ശകുനി എന്ന് ഭൂരിപക്ഷം പേർക്കും അറിയാം; അതുപോലെ എല്ലാവരും വിശ്വസിക്കുന്നത്, ശകുനി രാജ്യം പിടിച്ചെടുക്കാൻ ദുര്യോധനനെ സഹായിക്കുകയായിരുന്നു എന്നാണ്. യഥാർത്ഥത്തിൽ കുരുവംശത്തോട് പകരം വീട്ടുകയായിരുന്നു ശകുനി. ഭീഷ്‌മരെ പേടിച്ച്, സഹോദരിയായ ഗാന്ധാരിയെ നിർബന്ധപൂർവം അന്ധനായ ദൃതരാഷ്ട്രർക്ക് വിവാഹം കഴിച്ചു കൊടുക്കേണ്ടിവന്ന നിസഹായത ഒരുവശത്ത്. അതിന് മുമ്പ് തന്നെ ഭീഷ്‌മരും പാണ്ഡുവും ചേർന്ന് ഗാന്ധാരം ആക്രമിച്ച് തോൽപ്പിക്കുകയും, സുവലന്റെ (ശകുനിയുടെ അച്ഛൻ) കുടുംബത്തിൽ ഉണ്ടായിരുന്ന പുരുഷ പ്രജകളെ എല്ലാം വധിക്കുകയും, സുബലനെയും ശകുനിയെയും മറ്റു സഹോദരന്മാരെയും (നൂറു സഹോദരന്മാർ ഉണ്ടായിരുന്നു എന്ന് ചില സ്ഥലത്ത് പറയുന്നു) ബന്ധിച്ച് കാരഗൃഹത്തിലാക്കി എന്നും പറയുന്നു.

ഒരു ദിവസത്തെ ആഹാരമായി, അവർക്ക് ആകെ കൊടുത്തിരുന്നത് ഒരു പിടി മലരായിരുന്നു. ബുദ്ധിമാനും അഭിമാനിയുമായിരുന്ന സുവലൻ (സുബലനെന്നും പറയാറുണ്ട്) കുരുവംശത്തോട് പ്രതികാരം ചെയ്യാൻ തീരുമാനിക്കുന്നു. അങ്ങനെ, ഒരുദിവസം കിട്ടുന്ന ആഹാരം മുഴുവനും കൂട്ടത്തിൽ ഏറ്റവും ബുദ്ധിമാനായ ശകുനിക്ക് കൊടുക്കുന്നു, തുടർന്ന് സുബലനും ശകുനിയുടെ മറ്റു സഹോദരന്മാരും പട്ടിണി കിടന്നു മരിക്കുകയായിരുന്നു. മരിക്കുന്നതിന് മുമ്പ്, സുവലനും ബന്ധുക്കളും അനുഭവിച്ച കഷ്‌ടപ്പാടുകളും അപമാനവും ഒരിക്കലും മറക്കാതിരിക്കാൻ, ശകുനിയുടെ ഇടതു കാലിന്റെ പെരുവിരൽ കയ്യിലുണ്ടായിരുന്ന ദണ്ഡ് കൊണ്ട് ഇടിച്ചു പൊട്ടിക്കുന്നു. അങ്ങനെയാണ് ശകുനി മുടന്തനായി മാറിയത്. മരിച്ചു കഴിഞ്ഞാൽ തന്റെ നട്ടെല്ലിലെ കശേരുക്കളെടുത്ത് പകിടകൾ ഉണ്ടാക്കണമെന്നും, ആ പകിടകൾ ഉപയോഗിച്ചു കളിച്ചാൽ ഒരിക്കലും തോൽക്കില്ലെന്നും ശകുനിയോട് വെളിപ്പെടുത്തി. പകിട കളിക്കുമ്പോൾ സുവലന്റെ ആത്മാവ് പകിടകളിൽ പ്രവേശിച്ച് മത്സരം ശകുനിക്ക് അനുകൂലമാക്കുകയാണ് ചെയ്‌തിരുന്നത്.എന്നാൽ പുറത്തുനിന്നാർക്കും കുരുവംശത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന് മനസിലാക്കിയ ശകുനി, പാണ്ഡവരെയും കൗരവരെയും തമ്മിൽ തല്ലിക്കാൻ പദ്ധതികൾ തയ്യാറാക്കി കൊണ്ടിരുന്നു. ശകുനിയുടെ യഥാർത്ഥ ഉദ്ദേശം പഞ്ചപാണ്ഡവരിൽ സഹദേവനോഴികെ ആർക്കും അറിയില്ലായിരുന്നു. എന്നാൽ ഒരു ശാപം നിമിത്തം സഹദേവന് ആ സത്യം ആരെയും അറിയിക്കാനും കഴിഞ്ഞില്ല.

ഭാരതവർഷത്തിലെ ഏറ്റവും ശക്തമായ ഒരു വംശത്തെ വെറും പകിട മാത്രം ആയുധമാക്കി മുച്ചൂടും നശിപ്പിച്ച ശകുനി യഥാർത്ഥത്തിൽ തന്റെ മാതാപിതാക്കൾക്കും സഹോദരന്മാർക്കും നൽകിയ വാക്ക് പാലിക്കുകയായുരുന്നത്രേ.

ഒരു അഭിപ്രായം ഇടൂ